This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ലോറിനേറ്റഡ് ഹൈഡ്രോകാര്‍ബണുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്ലോറിനേറ്റഡ് ഹൈഡ്രോകാര്‍ബണുകള്‍

Chlorinated Hydrocarbons

കാര്‍ബണ്‍, ക്ലോറിന്‍, ഹൈഡ്രജന്‍ എന്നിവയാല്‍ നിര്‍മിതമായ ഒരു വിഭാഗം രാസസംയുക്തങ്ങള്‍. ഇവയില്‍ മിക്കവയും ജീവജാലങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന കീടനാശിനികളാണ്. ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന കീടനാശിനികളും ഈ രാസസംയുക്തങ്ങള്‍ തന്നെ. പെര്‍സിസ്റ്റന്റ് വിഭാഗത്തില്‍പ്പെടുന്ന ക്ലോറിനേറ്റഡ് ഹൈഡ്രോകാര്‍ബണുകള്‍ അന്തരീക്ഷത്തില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നവയും ഭക്ഷ്യശൃംഖലയില്‍ക്കടന്ന് ജൈവ ആവര്‍ധനത്തിനു വിധേയമാവുന്നവയുമാണ്. ഡൈക്ലോറോഡൈഫിനൈല്‍ ട്രൈ ക്ലോറോ ഈഥേന്‍ (DDT), ആല്‍ഡ്രിന്‍ (aldrin), ഡീല്‍ഡ്രിന്‍ (dieldrin), ഹെപ്റ്റാക്ലോര്‍ (heptachlor), ക്ലോര്‍ഡേന്‍ (chlordane), ലിന്‍ഡേന്‍, ഗാമക്സേന്‍ (ഇവ രണ്ടും ബെന്‍സീന്‍ ഹെക്സാക്ലോറൈഡിന്റെ വ്യത്യസ്ത നാമങ്ങളാണ്) എന്‍ഡ്രിന്‍ (endrin), കെപ്പോണ്‍ (kepone), എന്‍ഡോസള്‍ഫാന്‍ എന്നിവ ക്ലോറിനേറ്റഡ് ഹൈഡ്രോകാര്‍ബണ്‍ വിഭാഗത്തില്‍പ്പെടുന്ന കീടനാശിനികള്‍ക്ക് ഉദാഹരണങ്ങളാണ്. ക്ലോറിനേറ്റഡ് ഓര്‍ഗാനിക്സ്, ക്ലോറിനേറ്റഡ് സിന്തറ്റിക്സ്, ക്ലോറിനേറ്റഡ് ഇന്‍സെക്റ്റിസൈഡ്സ് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു.

ആദ്യമായി നിര്‍മിച്ച ക്ലോറിനേറ്റഡ് ഹൈഡ്രോകാര്‍ബണ്‍ കീടനാശിനി ഡിഡിറ്റിയാണ്. 1874-ല്‍ കണ്ടെത്തിയെങ്കിലും ഇതിന്റെ കീടനാശകഗുണങ്ങള്‍ തിരിച്ചറിയുന്നത് 1939 ഓടെയാണ്. മെച്ചപ്പെട്ട ഫലദായകത്വം, കുറഞ്ഞ അളവിലുള്ള ഉപയോഗം, വിലക്കുറവ്, ദീര്‍ഘകാലം നിലനില്‍ക്കാനുള്ള ശേഷി എന്നീ ഗുണങ്ങള്‍ മറ്റു കീടനാശിനികളെ അപേക്ഷിച്ച് ക്ലോറിനേറ്റഡ് ഹൈഡ്രോകാര്‍ബണ്‍ കീടനാശിനികളുടെ മേന്മകളാണ്. എന്നാല്‍, ഇവയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും തിരിച്ചറിഞ്ഞതോടെ ക്ലോറിനേറ്റഡ് ഹൈഡ്രോകാര്‍ബണ്‍ കീടനാശിനികളില്‍ പലതിന്റെയും ഉപയോഗം നിരോധിക്കപ്പെട്ടു (ഉദാ. ഡിഡിറ്റി, ഹെപ്റ്റാക്ലോര്‍, ആല്‍ഡ്രിന്‍, ഡീല്‍ഡ്രിന്‍ തുടങ്ങിയവ). ഇന്നും ഉപയോഗത്തിലിരിക്കുന്ന ചില ക്ലോറിനേറ്റഡ് ഹൈഡ്രോകാര്‍ബണുകളാണ് എന്‍ഡോസള്‍ഫാന്‍, ഡൈക്കോഫോള്‍, മെഥോക്സിക്ലോര്‍, ലിന്‍ഡേന്‍ തുടങ്ങിയവ. എല്ലാ ക്ലോറിനേറ്റഡ് ഹൈഡ്രോകാര്‍ബണുകളും കോണ്‍ടാക്റ്റ് (contact) വിഷങ്ങളാണ്. ഇവ ജലത്തില്‍ ലയിക്കുന്നില്ല. കൊഴുപ്പിനോട് ആസക്തി കാണിക്കുന്ന ഇവ ജന്തുക്കളിലെ കൊഴുപ്പുകലകളില്‍ അടിഞ്ഞുകൂടുന്നു. ഓരോ ക്ലോറിനേറ്റഡ് ഹൈഡ്രോ കാര്‍ബണിന്റെയും ത്വക്കിലൂടെയുള്ള ആഗിരണം വ്യത്യസ്തമാണ്, നാഡീവ്യൂഹത്തെയാണ് ഇവ പ്രധാനമായും ബാധിക്കുന്നത്. മനുഷ്യരിലും മറ്റു ജന്തുക്കളിലും പ്രത്യുത്പാദനവ്യൂഹത്തിലും മറ്റും നിരവധി വ്യതിയാനങ്ങള്‍ ഇവമൂലമുണ്ടാകുന്നു. ഇവയില്‍ പലതും അര്‍ബുദകാരികളാണ്. ക്ലോറിനേറ്റഡ് ഹൈഡ്രോകാര്‍ബണുകള്‍ക്ക് അന്തഃസ്രാവി വ്യൂഹത്തി (endocrine system) ന്റെ പ്രവര്‍ത്തനം തകരാറിലാക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍